dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ദില്ലി : തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്.20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ വിജയ് തമിഴ്നാടിൻ്റെ വിവിധ ആശങ്കകള്‍ പ്രധാനമന്ത്രിയോട് പങ്കുവെച്ചു. വന്ദേമാതരം വിവാദം, മേക്കെദാതു ഡാം പദ്ധതി തർക്കം, തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്ത സംഭവം തുടങ്ങിയ വിഷയങ്ങള്‍ വിജയ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.തമിഴ്നാട്ടില്‍ അധികാരത്തിലേറിയ ശേഷം വിജയ് നടത്തുന്ന ആദ്യ ദില്ലി സന്ദർശനമാണിത്. 12 വർഷത്തിന് ശേഷമാണ് വിജയ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സർക്കാർ പരിപാടികളില്‍ വന്ദേമാതരത്തിന് പകരം ആദ്യം ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കാൻ അനുവദിക്കണമെന്ന് വിജയ് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. തമിഴ്നാട്ടില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം ആദ്യം ആലപിച്ചത് പ്രതിപക്ഷ കക്ഷികള്‍ ചോദ്യംചെയ്തിരുന്നു. ഇതിനിടെയാണ് വിജയ് പ്രധാനമന്ത്രിക്ക് മുന്നില്‍ അഭ്യർഥന വെച്ചിരിക്കുന്നത്.മേക്കെദാതുവില്‍ ഡാം നിർമിക്കാനുള്ള കർണാടകത്തിന്റെ തീരുമാനത്തില്‍ തമിഴ്നാടിനുള്ള ആശങ്ക വിജയ് പ്രധാനമന്ത്രിയോട് പങ്കുവെച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ഭൂമി പൂജ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് വിജയ് പ്രധാനമന്ത്രിയെ അറിയിച്ചു. തർക്കത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളുടെയും അനുമതിയില്ലാതെ ഈ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ജല്‍ ശക്തി മന്ത്രാലയത്തോടും കേന്ദ്ര ജലവിഭവ ട്രൈബ്യൂണലിനോടും നിർദ്ദേശിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചോള കാലഘട്ടത്തിലുള്ള ചെമ്പോലകള്‍ നെതർലൻഡ്സില്‍നിന്ന് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നതിന് വിജയ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിജയ് ദില്ലിയിലെ തമിഴ്നാട് ഹൗസില്‍ മടങ്ങിയെത്തി. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നി‍ർമല സീതാരാമൻ തുടങ്ങിയവരുമായും വിജയ് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോ‍ർട്ടുണ്ട്. മുതി‍ർന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാ‍ർജുൻ ഖ‍ാർഗെ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button