അന്‍സിബയ്ക്ക് തിരിച്ചടി; ശ്വേതയുടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷ തള്ളി കോടതി

കൊച്ചി: താരസംഘടന ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിക്കെതിയായ ശ്വേതാ മേനോന്റെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അന്‍സിബ ഹസന്റെ അപേക്ഷ കോടതി തള്ളി. എറണാകുളം മുന്‍സിഫ് കോടതിയാണ് നടിയുടെ അപേക്ഷ തള്ളിയത്. അമ്മ പ്രസിഡന്റായ ശ്വേതയുടെ ഹര്‍ജിയില്‍ കോടതി നടപടികള്‍ തുടരുകയാണ്. കേസില്‍ കക്ഷി ചേരാന്‍ അന്‍സിബയ്ക്ക് അവകാശമില്ലെന്ന ശ്വേതാ മേനോന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.കഴിഞ്ഞ ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ നാടകീയമായ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി ശ്വേത മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ ഭരണപരമായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ജനറല്‍ ബോഡി അഡ്ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. എന്നാല്‍ താന്‍ ഔദ്യോഗികമായി രാജി നല്‍കിയിട്ടില്ലെന്നും ഇപ്പോഴും സംഘടനയുടെ പ്രസിഡന്റാണെന്നും കാണിച്ചാണ് അഡ്ഹോക് കമ്മിറ്റിക്കെതിരെ ശ്വേത കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് അന്‍സിബ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്.രാജി പ്രഖ്യാപിച്ചതിന് പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റി അമ്മയുടെ ബൈലോ പ്രകാരം സാധുവല്ലെന്നാണ് ശ്വേതയുടെ വാദം. ഇത്തരത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥയില്ലെന്നും ഹര്‍ജിയില്‍ ശ്വേത വ്യക്തമാക്കിയിട്ടുണ്ട്.കേസില്‍ തനിക്ക് പറയാന്‍ കാര്യങ്ങളുണ്ടെന്നും അതിനാല്‍ കക്ഷി ചേര്‍ക്കണമെന്നുമായിരുന്നു അന്‍സിബ അപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സംഘടനയില്‍ അംഗമല്ലാത്ത അന്‍സിബ വ്യക്തി വൈരാഗ്യത്തിന്റെ ഭാഗമായാണ് അപേക്ഷ നല്‍കിയതെന്ന് ശ്വേതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.



