മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിൽ നിരോധനാജ്ഞ, വിനോദസഞ്ചാരത്തിനും നിരോധനം

ഇടുക്കി: ‘മിഷൻ ചക്കക്കൊമ്പനു’മായി ബന്ധപ്പെട്ട് ചിന്നക്കനാലിൽ നിരോധനാജ്ഞ. ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള വാർഡുകളിൽ ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതൽ മൂന്ന് ദിവസം വിനോദസഞ്ചാരത്തിനും നിരോധനം. പ്രദേശത്ത് സ്വകാര്യ ഡ്രോൺ പറത്തുന്നതിനും വിലക്കേർപ്പെടുത്തി. ഇടുക്കി ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള മിഷൻ ചക്കക്കൊമ്പൻ നാളെയാണ് നടക്കുക.കാട്ടാനയേ മെരുക്കുന്നതിനുള്ള രണ്ട് കുങ്കിയാനകളും 20 അംഗ സംഘവും വയനാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തി. ഇതിനിടെ ഇന്നും ചക്കകൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി. ഇന്ന് പുലർച്ചയാണ് ബി എൽ റാം ചുടുകാട് ഭാഗത്ത് ചക്കകൊമ്പൻ എത്തിയത്. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. അനുയോജ്യമായ സ്ഥലം കണ്ടെത്തി ബുധനാഴ്ചയോ , വ്യാഴാഴ്ചയോ ചക്കകൊമ്പനെ മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ നീക്കം.എട്ടുമണിയോടെയാണ് ചക്കകൊമ്പനെ പിടികൂടുന്ന ദൗത്യത്തിനു വേണ്ടിയുള്ള കുങ്കിയാനകൾ ചിന്നക്കനാലിൽ എത്തിച്ചത്. വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കികളാണ് മിഷൻ ചക്കകൊമ്പനിൽ പങ്കെടുക്കുന്നത്. റേഡിയോ കോളർ ഘടിപ്പിച്ച് ആനയേ തിരികെ ചിന്നക്കനാലിൽ തന്നെ വിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവും ശക്തമാണ്.



