രാജ്യാന്തര വിപണിയിൽ സ്വർണവില രണ്ട് മാസത്തെ താഴ്ന്ന നിരക്കിൽ

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2 ശതമാനം താഴ്ന്ന് 4,365 ഡോളറിലെത്തി. ഇതിലേക്ക് എത്തും മുൻപൊരു ഫ്ലാഷ് ബാക്കുണ്ടായി. മണിക്കൂറുകൾ മുൻപ് ഇറാനുമായുള്ള ചർച്ചകളിൽ തൃപ്തിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നു. തുടർന്ന് ഹോർമൂസ് കടലിടുക്കിനടുത്ത പ്രദേശം അമേരിക്കൻ സേന ആക്രമിക്കുന്നു. ഹോർമൂസിൽ തടസമുണ്ടാക്കുന്നതൊന്നും അനുവദിക്കില്ലെന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് ട്രംപ്. വെടിനിർത്തൽ നിലനിൽക്കേയാണ് ആക്രമണമുണ്ടായതെന്നതും ശ്രദ്ധേയം. എന്നാലും അത് പ്രതിരോധത്തിന്റെ ഭാഗമെന്ന വിലയിരുത്തലും വന്നിരുന്നു.സംഘർഷസാധ്യത വന്നതോടെ ക്രൂഡ് വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 98 ഡോളർ വരെ എത്തിയ ശേഷമാണ് താഴ്ന്നത്. അനിശ്ചിത്വം വീണ്ടും നിക്ഷേപക തീരുമാനങ്ങളെ സ്വാധീനിച്ചപ്പോൾ സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന സ്റ്റാറ്റസൊക്കെ കാറ്റിൽ പറന്നു. വിലക്കയറ്റവും അനിശ്ചിതത്വവും നിലനിൽക്കെ സ്വർണത്തിന്റെ സുരക്ഷിതത്വമൊന്നും നിക്ഷേപകരെ ബാധിക്കുന്നില്ല. വരും ദിവസങ്ങളിലും നിക്ഷേപകർ സ്വർണത്തോട് അകലം പാലിച്ചാൽ സ്വർണവില വീണ്ടും താഴും. രാജ്യാന്തര സ്വർണവില കുറഞ്ഞ് ക്ലോസ് ചെയ്താൽ നാളെ സംസ്ഥാനത്തും സ്വർണവില താഴും. പോയ രണ്ട് ദിവസങ്ങളിലായി 1650 രൂപയാണ് ഒരു പവന് കുറഞ്ഞത് . ഇന്ന് പവന് 560 രൂപ കുറഞ്ഞ് 1,14,440 രൂപയും ഗ്രാമിന് 70 രൂപ താഴ്ന്ന് 14,305 രൂപയുമാണ് വില .



