ഹാപ്പിലാന്‍ഡ് അപകടം: വിശദമായ പരിശോധനയ്ക്ക് പൊലീസ്, ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തില്‍ വിശദമായ പരിശോധന നടത്താന്‍ പൊലീസ്. അപകടകാരണം, സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച, പ്രവര്‍ത്തന മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയ്ക്ക് പുറമെ നാട്ടുകാര്‍ ഉന്നയിച്ച ആരോപണങ്ങളും പൊലീസ് പരിശോധിക്കും. വിദേശത്തുള്ള പാര്‍ക്ക് ഉടമയെ ബന്ധപ്പെടാനും ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താനുമുള്ള നടപടികളും പൊലീസ് ആരംഭിക്കും.. അപകടത്തില്‍ പാര്‍ക്ക് ഉടമയേയും സൂപ്പര്‍ വൈസറേയും ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. വെഞ്ഞാറമ്മൂട് പൊലീസാണ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് പൊട്ടിവീണ് അപകടമുണ്ടായത്. കുട്ടികള്‍ അടക്കം പതിനഞ്ചോളം പേരാണ് റൈഡിലുണ്ടായിരുന്നത്. പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് നാഗര്‍കോവില്‍ സ്വദേശികളുടെയും ആരോഗ്യനില തൃപ്തികരമാണ്.അപകടത്തിന് പിന്നാലെ സ്ഥാപനത്തിന്റെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി നാട്ടുകാരുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. മുമ്പും ഇത്തരം അപകടങ്ങളുണ്ടായിട്ടും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തനം എന്നും, അപകടം നടന്ന ശേഷം ശരിയായ രക്ഷാ പ്രവര്‍ത്തനം നടന്നില്ലെന്നും ആരോപണമുയർന്നു. ഇതിനിടെ ഹാപ്പിലാന്‍ഡ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അമ്യൂസ്മെന്റ് പാര്‍ക്കുകകളില്‍ പരിശോധന ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസ്



