മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു. ഇതോടെ ലിറ്ററിന് 56 രൂപയാകും. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് തീരുമാനം.കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയില്‍ 83.75 ശതമാനം വിഹിതവും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പ്രക്രിയകള്‍ക്കും നല്‍കാനാണ് തീരുമാനം.കര്‍ഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് വര്‍ധനവ് തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് വില വര്‍ധിപ്പിക്കല്‍ നടപടികളിലേക്ക് മില്‍മ കടക്കുന്നത്. ശേഷം മൂന്നംഗ പഠന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. പാലിന് വില വര്‍ധിക്കുന്നതോടെ മില്‍മ പുറത്തിറക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കും.



